"നിങ്ങള്‍ക്ക് ഒരു പക്ഷേ എല്ലാ പൂവുകളേയും ചവിട്ടിയരക്കാന്‍ കഴിയുമായിരിക്കും.എന്നാല്‍ ഒരു വസന്തത്തിനെ തടയാന്‍ നിങ്ങള്‍ക്കൊരിക്കിലും ആവില്ല."
നെരൂദ - പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും അഗ്നിജ്വാലകള്‍ വാക്കുകളില്‍ ആവാഹിച്ച അപൂര്‍വ സര്‍ഗപ്രതിഭ
========================== =======================
ജനനം ചിലിയിലെ പാരാലിൽ(Parral) 1904 ജുലൈ 12-ന്. യഥാർത്ഥപേര് നെഫ്താലി റിക്കാർഡോ റെയസ് ബസോൽറ്റോ. നെരൂദ എന്ന തൂലികാനാമത്തിൽ പത്ത് വയസ്സു മുതൽ തന്നെ കവിതയെഴുതിത്തുടങ്ങി.1920 ഒക്ടോബറിൽ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ആ പേരിൽ പ്രശസ്തനായി. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചു.1946 ഡിസംബർ 28-ന് പാബ്ലോ നേരൂദയെന്ന നാമം ഔദ്യോഗികമായി സ്വീകരിച്ചു.
കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ നെരൂദയ്ക്ക് ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ അജ്ഞാതവാസവും പിന്നീട് പല നാടുകളിലായി പ്രവാസ ജീവിതവും നയിക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തുള്ള ഒന്നും കവിതയ്ക്ക് അന്യമല്ലെന്ന് അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത് വെറും പ്രചാരണവസ്തുവാകരുതെന്ന നിർബന്ധം നെരൂദയ്ക്കുണ്ടായിരുന്നു.
ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെനറ്റ് അംഗമായിരുന്നു
1948-ൽ ചിലിയുടെ ഭരണസാരഥ്യമേറ്റ വലതുപക്ഷസ്വേച്ഛാധിപതി ഗോൺഥാലെ ഥ്‌വീഡെലായെ നെരൂദ കഠിനമായി വിമർശിച്ചത്, ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ചിലിയിൽ കമ്യൂണിസം നിരോധിക്കുകയും നെരൂദയെ അറസ്റ്റുചെയ്യുവാൻ 1948 ഫെബ്രുവരി അഞ്ചിന് ഒരു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ചിലിയിലെ തുറമുഖ നഗരമായ വാൽപരൈസോ എന്ന സ്ഥലത്ത് ഒരു വീടിന്റെ അടിത്തട്ടിൽ സുഹൃത്തുക്കൾ നെരൂദയെ മാസങ്ങളോളം ഒളിപ്പിച്ചു. ഒടുവിൽ നെരൂദ ഒരു ചുരം വഴി അർജന്റീനയിലേക്ക് രക്ഷപെടുകയായിരുന്നു. പിന്നീട് മെക്സിക്കോവിലേക്ക്, അവിടെനിന്ന് പാരീസിലേക്ക്. ഈ അജ്ഞാതവാസക്കാലത്ത് മഹാകാവ്യമായ 'കാന്റോജെനെറൽ' നെരൂദ പൂർത്തിയാക്കി.അറുപതുകളിൽ അദ്ദേഹം ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. നെരൂദയെത്തേടിയെത്തിയ ബഹുമതികൾക്ക് കണക്കില്ല. അന്താരാഷ്ട്രസമാധാന സമ്മാനം, ലെനിൻ സമാധാനസമ്മാനം, ഓക്സ്ഫഡ് സർവകലാശാലയുടെ ഓണററി ഡി ലിറ്റ് ബിരുദം ഇങ്ങനെ പോകുന്നു അവ. ചിലിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികസ്ഥാനാർത്ഥിയായിരുന ്നു നെരൂദ. പിന്നീട് തന്റെ ഉറ്റചങ്ങാതി സാൽവദോർ അല്ലെൻഡേ ആ സ്ഥാനത്ത് നിയോഗിക്കപ്പെട്ടു. നെരൂദ പാരീസിൽ അംബാസഡറായി. അവിടെയായിരിക്കുമ്പോൾ, 1971-ൽ നെരൂദ നോബൽസമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടു.നോബൽ സമ്മാനം ലഭിച്ച് തിരിച്ചുവന്നപ്പോൾ അലെൻഡെ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നിൽ കവിത ചൊല്ലുവാനായി ക്ഷണിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകൾ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.
നെരൂദ പല വ്യത്യസ്തശൈലികളിലും എഴുതിയിട്ടുണ്ട്. നെരൂദയുടെ കാവ്യങ്ങൾ കാമം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക (surrealist) കവിതകൾ വരെയും, ചരിത്രഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നുകിടക്കുന്നു. നെരൂദയുടെ പ്രശസ്തമായ കാവ്യങ്ങളിൽ “സാധാരണ കാര്യങ്ങൾക്ക് ഒരു അഞ്ജലി” - പല വാല്യങ്ങളായി പ്രസിദ്ധീകരിച്ച കവിതാസമാഹാരം എന്ന കൃതി ഉൾപ്പെടുന്നു.
അവസാനവർഷങ്ങൾ നെരൂദയെ സംബന്ധിച്ചിടത്തോളം ദുരന്തപൂർണമായിരുന്നു. സി.ഐ.എ.-യുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സപ്തംബർ 11-ന് ലാ മൊണേഡാ കൊട്ടാരത്തിൽ ബോംബ് വീണു, അല്ലെൻഡേ മരിച്ചു. പിനോഷെ ഭരണം ഏറ്റെടുത്തു. അല്ലെൻഡേയുടെ മരണം നെരൂദയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തിൽ മനംനൊന്ത് 1973 സപ്തംബർ 23-ന് ആ കാവ്യജീവിതം അവസാനിച്ചു. നെരൂദയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ചിലിയിലെ സൈനികഭരണകൂടത്തിനെതിരെയുള്ള ആദ്യപ്രതിഷേധപ്രകടനം കൂടിയായി. പട്ടാളം സാന്തിയാഗോവിലെ നെരൂദയുടെ വീടു തകർത്തു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടു.
നെരൂദയെഴുതി:
'ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, ഇനി ഒന്നും പറയാനുമില്ല. എല്ലാം അവസാനിച്ചിരിക്കുന്നു, വിപിനത്തിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നു. സൂര്യൻ ഇലകൾ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു, ചന്ദ്രൻ വെളുത്ത ഒരു പഴംപോലെ ഉദിച്ചുയരുന്നു. മനുഷ്യൻ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു.'
ഒട്ടേറെ ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ട നെരൂദയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കവികളിൽ ഒരാളായി കരുതപ്പെടുന്നു.വില്യം ഷേക്സ്പിയറിനുശേഷം ഏറ്റവും വായിക്കപ്പെട്ട കവിയാണ് നെരൂദ എന്ന് നിരൂപകനും ജീവചരിത്രകാരനുമായ അലിസ്റ്റർ റീഡ് പറയുന്നു.
കൊളംബിയൻ നോവലിസ്റ്റായ ‘ഗബ്രിയേൽ ഗാർസ്യാ മാർക്വേസ്‘ അദ്ദേഹത്തെ 20-ആം നൂറ്റാണ്ടിലെ എല്ലാ ഭാഷകളിലെയും ഏറ്റവും പ്രധാനപ്പെട്ട കവിയായി വാഴ്ത്തുന്നു.
മലയാള കവിതയിൽ 1970-കൾ മുതൽ നെരുദ ശക്തമായ സാന്നിധ്യമാണ്.
നേരുടയുടെ വിഖ്യാത രചന ദി സാഡസ്റ്റ് ലൈൻസിന് മലയാളത്തിൽ സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചന്ദ്രമോഹൻ, എൻ.പി. ചന്ദ്രശേഖരൻ എന്നിവരുടെതായി 4പരിഭാഷകൾ ഉണ്ട്.
കൂടുതല്‍ അറിവുകള്‍ കമന്റ്റുകളില്‍ പങ്കു വെക്കൂ...
No comments:
Post a Comment